തമിഴ്നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടം എണ്ണം 33 ആയി
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. 109 ഓളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.സി.ഐ.ഡി അന്വേഷണം ഇന്ന് ആരംഭിക്കും.
സംഭവത്തിൽ വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്നും പിടിച്ചെടുത്ത മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു.
ചെന്നൈയില്‍ നിന്ന് 250 കിലോമീറ്റർ അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.
മദ്യം കഴിച്ചതിന് പിന്നാലെ തലവേദന, ഛർദി, വയറുവേദന, കണ്ണിന് അസ്വസ്ഥത അനുഭവിച്ചതിനെ തുടർന്ന് ഇവരെ അടുത്തുള്ള കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലും സ്വകാര്യ ആശുപത്രികളിലും എത്തിക്കുകയായിരുന്നു.
അതേസമയം, ദുരന്തത്തിന് പിന്നാലെ ജില്ല കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി പകരം എം.എസ് പ്രശാന്തിനെ പുതിയ ജില്ലാ കലക്ടറായി നിയമിച്ച് സ്റ്റാലിൻ സർക്കാർ ഉത്തരവിറക്കി.
കൂടാതെ എസ്.പി സമയ് സിങ്ങ് മീണയെയും പൊലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ മുഴുവൻ ഉദ്യോഗസ്ഥർ അടക്കമുള്ളവരെയും സസ്പെൻഡ് ചെയ്തു. രാജ്നാഥ് ചതുർവേദിയാണ് പുതിയ എസ്.പി കൂടാതെ, അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറാനും സർക്കാർ ഉത്തരവിൽ പറയുന്നു.