ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് പേര് കൂടി കസ്റ്റഡിയില്‍
തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി കസ്റ്റഡിയില്‍. വിപിന്‍, മോനി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെല്ലാം പിടിയിലായിരുന്നു. മണികണ്ഠന് (മണിക്കുട്ടന്) ഉള്‍പ്പെടെ നാലുപേരെ ഡിവൈഎസ്പി: പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ കാട്ടാകടയ്ക്ക് സമീപത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഐജി: മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചുനല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
അക്രമ രാഷ്ട്രീയത്തെത്തുടര്‍ന്നുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുകയും, അക്രമത്തില്‍ ഒരാള്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനിലേക്കു വിളിച്ചുവരുത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം കുറ്റവാളികളെ കര്‍ശനമായി നേരിടുമെന്നു മുഖ്യമന്ത്രി അറിയിച്ചതായി ഗവര്‍ണര്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. തുടര്‍ന്ന്, കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി രാജ്ഭവന് പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു.
തലസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനുമായും കേരളത്തിലെ ആര്‍എസ്എസ് മേധാവിയുമായും മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തും. കൂടിക്കാഴ്ചക്ക് ശേഷം നേതാക്കള്‍ പരസ്യ അഭിസംബോധന നടത്തും. ഗവര്‍ണറുമായുളള കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രാവിലെ 11 മണിയോടെയാണു കൂടിക്കാഴ്ച നടന്നത് എന്നാണു വിവരം. ഇത്തരം സാഹചര്യങ്ങളില്‍ സാധാരണയായി ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു വിശദീകരണം തേടാറാണ് പതിവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, കണ്ണൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം ശക്തമായപ്പോള്‍ ബിജെപി സംഘം ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍, അന്നു പരാതി സ്വീകരിച്ച് ഗവര്‍ണര്‍ അത് സര്‍ക്കാരിനു കൈമാറുകയാണ് ചെയ്തത്. ഇതിനെച്ചൊല്ലി ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഡിജിപി: ലോക്നാഥ് ബെഹ്റ ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി നേരിടുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി. വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായും സംസ്ഥാന ആര്‍എസ്എസ് മേധാവിയുമായി സംസാരിച്ചെന്നും, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇവരുടെ സഹകരണം തേടിയതായും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.
കുമ്മനം രാജശേഖരനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ഗവര്‍ണര്‍ ഫോണില്‍ സംസാരിച്ചു. ബിജെപി സംസ്ഥാന ഓഫിസിനു നേരെ അടന്ന ആക്രമണത്തെക്കുറിച്ച് കുമ്മനത്തോടും, ബിനീഷ് കോടിയേരിയുടെ വീട്ടിലേക്കു നടന്ന കല്ലേറിനെക്കുറിച്ചു കോടിയേരിയോടും വിവരങ്ങള്‍ ആരാഞ്ഞു. ഇതുകൂടാതെ, സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ഫോണില്‍ അറിയിച്ചുവെന്നും ഗവര്‍ണര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. രാവിലെ, സംസ്ഥാനത്തെ ക്രമസമാധന പ്രശ്നങ്ങളിലെ ആശങ്ക രാജ്നാഥ് സിങ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. മുഖ്യമന്ത്രിയുമായി രാജ്നാഥ് സിങ് സംസാരിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രിയാണ് ആര്‍എസ്എസ് കാര്യവാഹക് വിനായകനഗര്‍ കുന്നില്‍വീട്ടില്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്നും സിപിഐഎമ്മിന്റെ അക്രമതേര്വാഴ്ചയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശനങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നു കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ഹര്‍ത്താല്‍.
ശ്രീകാര്യം കല്ലംപള്ളിയില്‍ വച്ച് കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. ആക്രമണത്തില്‍ രാജേഷിന്റെ കൈപ്പത്തി പൂര്‍ണമായും അറ്റുപോയിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി തലസ്ഥാനത്തെ നഗരപ്രദേശത്ത് ബിജെപി-സിപിഐഎം സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.
രാത്രിയില്‍ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കടയില്‍ സാധനം വാങ്ങാന്‍ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. വെട്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് കൈപ്പത്തിക്ക് വെട്ടേറ്റത്. തുടര്‍ന്ന് മുഖത്തും കയ്യിലും കാലിലും വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രാജേഷിനെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തിരുവനന്തപുരം നഗരത്തെ ഭീതിയിലാഴ്ത്തി വ്യാഴാഴ്ച രാത്രി സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം എതിര് കേന്ദ്രങ്ങളില്‍ അക്രമ തേര്‍വാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാനസമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു.
നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടായെങ്കിലും ശ്രീകാര്യം മേഖലയില്‍ അന്തരീക്ഷം സമാധാനപരമായിരുന്നു. പെട്ടെന്ന് ഇവിടെ ഇത്തരമൊരു ആക്രമണം ഉണ്ടാവാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചത്.