താമരകുമ്പിളിൽ 18 സംസ്ഥാന ഭരണങ്ങൾ . . രാജ്യത്ത് സർവ്വശക്തനായി നരേന്ദ്ര മോദി !
ന്യൂഡൽഹി: രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാന ഭരണങ്ങളിലും ബി.ജെ.പി പിടിമുറുക്കിയതോടെ തെറ്റുന്നത് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടലുകൾ.
ഒറ്റയ്ക്ക് 11 സംസ്ഥാനങ്ങളിലും എൻ.ഡി.എ മുന്നണിയുടെ ഭാഗമായി 7 സംസ്ഥാനങ്ങളിലുമാണ് ഇപ്പോൾ ബിജെപി ഭരണം നടത്തുന്നത്. ഇതിൽ കഴിഞ്ഞ ദിവസങ്ങളിൽ അധികാരത്തിൽ വന്ന ബീഹാറും ഉൾപ്പെടും.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, അസം, ജാർഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നിവടങ്ങളിലാണ് ബിജെപി ഒറ്റയ്ക്ക് ഭരണം നടത്തുന്നത്.
ജമ്മു കാശ്മീർ ,ബീഹാർ, സിക്കിം, നാഗാലാൻഡ്, മണിപ്പൂർ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ മുന്നണിയായും ഭരണം നടത്തുന്നു.
ഹിമാചൽ പ്രദേശ്, പഞ്ചാബ്, മേഘാലയ, മിസോറം, കർണ്ണാടക, പുതുച്ചേരി എന്നിവിടങ്ങളിൽ മാത്രമാണ് കോൺഗ്രസ്സ് ഭരണത്തിലുളളത്.ഇടതുപക്ഷം ത്രിപുരയിലും കേരളത്തിലുമായി ഒതുങ്ങിയപ്പോൾ മറ്റ് പ്രാദേശിക പാർട്ടികൾ ബംഗാൾ, തെലങ്കാന, തമിഴ്നാട്, ഡൽഹി, ഒഡീഷ എന്നിവിടങ്ങളിൽ ഭരണം നടത്തുന്നു.
പ്രതിപക്ഷം എല്ലാവരും കൂടി ചേർന്നാൽ 13 സംസ്ഥാനങ്ങളിലാണ് ഭരണം.
എന്നാൽ 18 സംസ്ഥാനങ്ങൾ ഭരിക്കുന്ന ബി.ജെ.പി മുന്നണി ലോക്സഭാ അംഗങ്ങളുടെ കാര്യത്തിൽ ഈ സംസ്ഥാനങ്ങളിൽ ബഹുദൂരം മുന്നിലാണ്.
വലിയ സംസ്ഥാനങ്ങൾ മാത്രമല്ല ബഹു ഭൂരിപക്ഷം ലോക്സഭാ അംഗങ്ങളും ബിജെപി മുന്നണി ഭരണത്തിൻ കീഴിലുള്ള സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്തെ 70 ശതമാനത്തിലേറെ ജനങ്ങളും ഇവിടെ നിന്നുള്ളവരാണ്.
2019 – ൽ മോദിക്ക് രണ്ടാം ഊഴം തേടുന്ന ബി.ജെ.പിക്ക് കാര്യങ്ങൾ ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.
പ്രതിപക്ഷം ഭരിക്കുന്ന കർണ്ണാടക, തമിഴ്നാട്, ഡൽഹി, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ എം.പിമാരെ ബി.ജെ.പി പ്രതീക്ഷിക്കുന്നുമുണ്ട്.ജയലളിതയുടെ മരണത്തോടെ രാഷ്ട്രീയ രംഗം കലങ്ങി മറിഞ്ഞ തമിഴ്നാട്ടിൽ നടൻ രജനികാന്ത് രൂപീകരിക്കുന്ന പുതിയ പാർട്ടി ഒടുവിൽ എൻ.ഡി.എ പാളയത്തിൽ എത്തുമെന്ന് തന്നെയാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ.
പ്രതിപക്ഷമാകട്ടെ ബിജെപി തുടർച്ചയായി ഭരണം നടത്തുന്ന ഗുജറാത്തിൽ പോലും കോൺഗ്രസ്സിലെ ഒരു വിഭാഗം പിളർന്നു പോയതിന്റെ ഷോക്കിലാണ്.ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സംഘവും ബിജെപി പാളയത്തിലെത്തിയതും പ്രതിപക്ഷത്തിന് അപ്രതീക്ഷിത പ്രഹരമായിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ ശക്തനായ ഒരു നേതാവിനെ ഉയർത്തിക്കാട്ടാനില്ലന്നത് മാത്രമല്ല, തങ്ങളുടെ ചേരി തന്നെ ദുർബലമാകുന്നത് പ്രതിപക്ഷത്തെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
ബിജെപിയാകട്ടെ ചരിത്ര ഭൂരിപക്ഷത്തിന് നരേന്ദ്ര മോദി രണ്ടാമതും അധികാരത്തിൽ എത്തുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപി ഭരണം അസാധ്യമല്ലന്ന് വരും നാളുകൾ തെളിയിക്കുമെന്നാണ് നേതൃത്ത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.