റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ന് ഉത്തര കൊറിയയിൽ
മോസ്കോ: 24 വർഷത്തെ ഇടവേളക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ന് ഉത്തര കൊറിയ സന്ദർശിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ് സന്ദർശനം.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നുമായി പുടിൽ പ്യോങ്യാങ്ങിൽ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ സെപ്റ്റംബറിൽ ഇരു നേതാക്കളും റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ 2000 ജൂലൈയിലാണ് പുടിൻ അവസാനമായി ഉത്തര കൊറിയ സന്ദർശിച്ചത്. സുരക്ഷാ വിഷയങ്ങളിലടക്കം പങ്കാളിത്ത കരാറിൽ പുടിനും കിമ്മും ഒപ്പുവച്ചേക്കുമെന്നും മാധ്യമങ്ങൾക്ക് സംയുക്ത പ്രസ്താവന നൽകുമെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവയ്ക്കുന്ന കരാർ മറ്റൊരു രാജ്യത്തിനും എതിരായിരിക്കില്ലെന്ന് പുടിന്റെ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.
2019ലെ ഉത്തര കൊറിയൻ സന്ദർശന വേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് താമസിച്ച പ്യോങ്യാങ്ങിലെ കുംസുസാൻ ഗസ്റ്റ് ഹൗസിലാണ് പുടിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കിം ഇൽ സുങ് ചത്വരത്തിൽ പുടിനും കിമ്മും പങ്കെടുക്കുന്ന പരേഡ് ഉണ്ടായേക്കുമെന്നും ഉത്തര കൊറിയയിലെ ഏക ഓർത്തഡോക്സ് പള്ളിയായ പ്യോങ്യാങ്ങിലെ ഓർത്തഡോക്സ് ചർച്ച് ഓഫ് ദി ലൈഫ് ഗിവിംഗ് ട്രിനിറ്റി പുടിൻ സന്ദർശിക്കുമെന്നും പ്രതീക്ഷിക്കുന്നു.
റഷ്യയുടെ പുതിയ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് എന്നിവരും സംഘത്തിലുണ്ട്.
നേരത്തെ പുടിന്റെ ഉത്തര കൊറിയ സന്ദർശന വാർത്തയോട് അമേരിക്ക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തമാക്കുന്നത് ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്ന് അമേരിക്ക് പ്രതികരിച്ചു.
ഉത്തര കൊറിയയുമായുള്ള റഷ്യയുടെ സൈനിക സഹകരണം ദക്ഷിണ കൊറിയയെ അസ്ഥിരപ്പെടുത്തുമെന്നാണ് യു.എസ് വാദം. എന്നാൽ അമേരിക്കയുടെ ഉപരോധങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് സന്ദർശനത്തിന് മുന്നോടിയായി കിമ്മും പുടിനും പ്രതികരിച്ചു.
ഉത്തരകൊറിയൻ സന്ദർശനം കഴിഞ്ഞാലുടൻ പുടിൻ വിയറ്റ്നാം സന്ദർശിക്കുമെന്ന് റഷ്യൻ അധികൃതർ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.