കനത്ത മഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ ആലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ ആലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എറണാകുളം, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്. വടക്കുകിഴക്കൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിൻറെ വടക്കുപടിഞ്ഞാറു ഭാഗത്തും ചക്രവാതച്ചുഴിയുണ്ട്.
ഇതിൻറെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇതോടൊപ്പം കേരള തീരത്ത് ഇന്നു രാത്രി 10.00 മണി മുതൽ നാളെ രാത്രി 07.00 വരെയും തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യ തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാനും ഈ പ്രദേശങ്ങളിലെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.