കലാഭവൻ മണിയുടെ മരണം;നാടൻ ചാരായം എവിടെ നിന്നെന്ന് കണ്ടുപിടിക്കാനാവുമോ ?
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണം അന്വേഷിക്കാൻ ഏറ്റെടുത്ത സിബിഐ സംഘത്തിന് നാടൻ ചാരായം എവിടെ നിന്നെത്തി എന്നത് കണ്ടു പിടിക്കേണ്ടത് നിർണ്ണായകമാകും.
പാടിയിലെ ഔട്ട് ഹൗസിൽ നിന്നും ആശുപത്രിയിലെത്തിച്ച മണിയുടെ ശരീരത്തിൽ നിന്നും മെഥനോളിന്റെ അളവ് കൂടുതലായി കണ്ടെത്തിയിരുന്നു.
കടുത്ത കരൾ രോഗിയായ മണിയുടെ ശരീരത്തിൽ അമിതമായി ചാരായം എത്തിയതാണ് മരണത്തിന് കാരണമെന്നാണ് പരിശോധിച്ച ഡോക്ടർമാരും കേസ് അന്വേഷിച്ച പൊലീസും നിഗമനത്തിലെത്തിയിരുന്നത്.
ആദ്യം വിഷം കഴിച്ചതാണ് മരണകാരണമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരുന്നത്.
പാടിയിലെ പറമ്പിലെ പരിശോധനയിൽ കീടനാശിനി കുപ്പി പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് അത് കൃഷി ആവശ്യത്തിനായി മണിയുടെ ഭാര്യാപിതാവ് വാങ്ങിയതാണെന്ന് വ്യക്തമായി.
മണിയുടെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നതിനാൽ കടുത്ത സമ്മർദ്ദത്തിലായിരുന്നു പൊലീസ് അന്വേഷണം.
സംഭവത്തിന് തലേ ദിവസം പാടിയിലെത്തിയ നടൻ ജാഫർ ഇടുക്കി, ‘തരികിട’ സാബു, മണിയുടെ നാട്ടിലെ സുഹൃത്തുക്കൾ എന്നിവരെ ലോക്കൽ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ചാരായം എത്തിയത് സംബന്ധമായ ഒരു സൂചനയും പൊലീസിന് കണ്ടെത്താനായിരുന്നില്ല.
‘ഒന്നുകിൽ മണിയുടെ അറിവോടെ സ്വന്തമായി വാറ്റി. അതല്ലങ്കിൽ മറ്റാരോ അവിടെ എത്തിച്ചു’
ഈ രണ്ട് സാധ്യതകളായിരുന്നു പൊലീസ് പരിശോധിച്ച് പരാജയപ്പെട്ടത്.
ഇപ്പോൾ കേസ് ഏറ്റെടുത്ത സിബിഐയുടെ മുന്നിലെ പ്രധാന വെല്ലുവിളിയും ഇത് തന്നെയാണ്.
ചാരായം എത്തിച്ചവർ ആരായാലും അവർ കേസിൽ പ്രതിയാകാനാണ് സാധ്യതയെന്നാണ് ലോക്കൽ പൊലീസ് പറയുന്നത്.
നിരോധിക്കപ്പെട്ട ചാരായം വാറ്റുന്നതും വിൽക്കുന്നതും ശിക്ഷാർഹമായതിനാൽ കൂട്ട് നിന്നവരെല്ലാം കുരുക്കിലാകും.
പ്രത്യേകിച്ച് മണിയുടെ ശരീരത്തിൽ നിന്നും മെഥനോളിന്റെ അംശം കൂടുതലായി കണ്ടെത്തിയ സ്ഥിതിക്ക്.
കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന് വൈകിട്ടാണ് മണിയെ ഗുരുതരമായ അവസ്ഥയിൽ കൊച്ചിയിലെ അമൃതാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്. അധികം താമസിയാതെ മരണം സംഭവിക്കുകയും ചെയ്തു.
ചേരാനല്ലൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് ചാലക്കുടി പൊലീസിന് കൈമാറിയിരുന്നത്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചിട്ടും തുമ്പ് കിട്ടാത്തതിനാൽ സർക്കാർ സിബിഐ അന്വേഷണത്തിന് കൈമാറുകയായിരുന്നു.സി ബി ഐ അന്വേഷണം ഇപ്പോള് തുടരുകയാണ്.