ത്രിപുരയിൽ അട്ടിമറി നടന്നെന്ന് സി.പി.ഐ(എം), പരാതി നൽകി
അഗർത്തല: ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ സി.പി.ഐ(എം) പരാതി നൽകി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 100 കടന്നിരുന്നു. മജ്ലിഷ്പൂർ സെഗ്മെന്റിന്റെ 44 ഭാഗങ്ങളിലും ഖയേർപൂർ സെഗ്മെന്റിന്റെ 25,44 ഭാഗങ്ങളിലും മോഹൻപൂർ സെഗ്മെന്റിന്റെ 38ആം ഭാഗങ്ങളിലും പോളിങ്ങ് യഥാക്രമം 105.30 ശതമാനം, 100.15 ശതമാനം, 98.80 ശതമാനം, 109.09 ശതമാനം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റിട്ടേണിങ് ഓഫീസറുടെ ഓഫീസിൽ നിന്ന് ലഭിച്ച ഈ കണക്കുകൾ സിപിഎം ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി പുറത്തു വിട്ടതോടെയാണ് ചർച്ചയായത്.
ഇന്ത്യ സഖ്യത്തിന്റെ പോളിംഗ് ഏജന്റുമാർക്കെതിരെ ആക്രമണം നടന്നു. സ്ഥാനാർത്ഥികൾക്ക് പോലും ബൂത്ത് സന്ദർശിക്കാൻ കഴിഞ്ഞില്ല. വ്യാപക കള്ളവോട്ട് നടന്നതായാണ് വ്യക്തമാവുന്നത്.
സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും സി പി ഐ എം പരാതിയിൽ ഉന്നയിച്ചു. തുടർന്ന് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ലോക്സഭാ മണ്ഡലത്തിലെ മൂന്നു നിയമസഭാ സെഗ്മെന്റുകളിലാണ് 100 ശതമാനത്തിനു മുകളിൽ വോട്ട് രേഖപ്പെടുത്തിയത്. വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെയും രാംനഗർ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയർന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
'പശ്ചിമ ത്രിപുര പാർലമെന്റ് മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പും അതേ പാർലമെന്റ് മണ്ഡലത്തിന്റ് ഭാഗമായ രാംനഗർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും സ്വതന്ത്രവും നീതിപൂർവകവും സുതാര്യവുമായ രീതിയിലല്ല നടന്നതെന്ന് ഈ രേഖകൾ കാണിക്കുന്നു. ബൂത്തുകൾ പിടിച്ചെടുത്ത് കൃത്രിമം നടത്തുമ്പോൾ മാത്രമേ ഇത്തരമൊരു പോളിങ് ശതമാനം സംഭവിക്കൂ,” എന്ന് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന് സി പി ഐ എം നേതാവ് ജിതേന്ദ്ര പരാതി സമർപ്പിച്ചു.
കള്ളവോട്ട് തടയുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിജയിച്ചെങ്കിലും ഗുണ്ടായിസത്തെ നിയന്ത്രിക്കാനായില്ലെന്നും വോട്ടർമാരെ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നും കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ പ്രതികരിച്ചു.
“ഞങ്ങൾ ഡാറ്റ കണ്ടിട്ടില്ല തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം പരിശോധിക്കും എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ബി ജെ പി. ' ബിജെപി വക്താവ് നബേന്ദു ഭട്ടാചാരി ഇതേ കുറിച്ച് കണക്കുകൾ അറിയില്ലെന്നാണ് പ്രതികരിച്ചത്.