മുസ്ലിം, കമ്യൂണിസ്റ്റ്, കേരള വിരുദ്ധ സിനിമയാണ് കേരള സ്റ്റോറിയെന്ന് എം.വി ഗോവിന്ദൻ
ഇടുക്കി: കേരള സ്റ്റോറി സിനിമയും അതിന്റെ പ്രദർശനവും ആർ.എസ്.എസ് അജണ്ടയുടെ ഭാഗമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
സിനിമയുടെ യാതൊരു കലാമൂല്യവും കേരള സ്റ്റോറിക്ക് ഇല്ല. മുസ്ലിം, കമ്യൂണിറ്റ്, കേരള വിരുദ്ധ സിനിമയാണ് കേരള സ്റ്റോറി. നിരോധിക്കുകയല്ല, ആശയത്തെ ആശയം കൊണ്ട് നേരിടുകയാണ് വേണ്ടതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇടുക്കിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൂരദർശനിൽ പ്രദർശിപ്പിച്ചപ്പോഴാണ് സി.പി.ഐ.എം എതിർത്തത്. ചിത്രം പ്രദര്ശിപ്പിക്കാനുള്ള രൂപതയുടെ തീരുമാനം എന്തിനാണെന്ന് അവർ മനസ്സിലാക്കേണ്ടതാണ്. അവർ ആലോചിക്കേണ്ടതാണ്.
തിയേറ്ററിൽ എത്തിയപ്പോൾ അധികമാളുകൾ കാണാത്ത സിനിമയാണത്. സി.പി.ഐ.എം വിവാദത്തിന് ഇല്ല. കാണേണ്ടവർക്ക് കാണാം കാണ്ടാത്തവർ കാണണ്ട.
കാണേണ്ട കാര്യമില്ല എന്നതാണ് സി.പി.ഐ.എമ്മിന്റെ നിലപാട്. ആരെങ്കിലും പറയുന്നതിനോട് പ്രതികരിക്കേണ്ടതില്ലെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി.
ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചരണ വിഷയമാണ് പൗരത്വ നിയമം. മതരാഷ്ട്രമാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ പൗരത്വ ഭേദഗതിയെന്ന വാക്ക് പരാമർശിക്കാൻ പോലും കോൺഗ്രസിന് ഭയമാണ്. കോൺഗ്രസിന്റേത് മൃദുഹിന്ദുത്വ നിലപാടാണ്.
ഏറ്റവും പ്രധാനപ്പെട്ട വർഗീയ അജണ്ടയാണ് ഇത്. കോൺഗ്രസ് പ്രകടന പത്രികയിൽ പോലും ഒരു വാക്ക് പോലും നിയമത്തെക്കുറിച്ച് മിണ്ടിയില്ല. ഇപ്പോൾ സൂക്ഷ്മമായി അതിൽനിന്ന് ഓരോന്ന് കണ്ടുപിടിക്കുകയാണ്.
ഇന്ത്യ ഇന്ന് ചർച്ച ചെയ്യുന്ന ഒരു കാര്യത്തോട് നിലപാടില്ല എന്നതാണ് കാര്യം. മൃദു ഹിന്ദുത്വ നിലപാടാണിത്. ബാങ്ക് അക്കൗണ്ടുകളുടെ പേരിൽ ഗുണ്ടായിസമാണ് ഇഡി നടത്തുന്നത്.
കൃത്യമായ കണക്ക് കൊടുത്തുകൊണ്ടിരിക്കുന്ന പാർട്ടിയാണ് സി.പി.ഐ.എം. ഇത് എല്ലായിടത്തും വ്യക്തമാക്കിയതാണ്. മാധ്യമങ്ങളുടെ ചെലവിൽ വളർന്ന പാർട്ടിയല്ല സി.പി.ഐ.എം, മാധ്യമങ്ങളുടെ ചെലവിൽ തളർത്താനുമാകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.