ധർമശാല ടെസ്റ്റ് നാളെ മുതൽ
ധർമശാല: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ധർമശാലയിൽ തുടക്കമാകും. സ്പിന്‍ പിച്ച് തന്നെയാണ് ഇവിടെ ഇരുകൂട്ടരേയും കാത്തിരിക്കുന്നതെന്ന് സൂചന.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കൂടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്പിന്‍ പിച്ച് തയാറാക്കിയിരിക്കുന്നത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതിനോടകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തതോടെയാണ് പരമ്പര 3 - 1ന് ഇന്ത്യയ്ക്ക് സ്വന്തമാക്കിയത്.
ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ നൂറാം ടെസ്റ്റ് മത്സരം കൂടിയാണിത്. 100ാം ടെസ്റ്റ് മത്സരം കളിക്കുന്ന 14ാമത് ഇന്ത്യന്‍ താരമാണ് അശ്വിന്. 99 ടെസ്റ്റില്‍ 507 വിക്കറ്റാണ് അശ്വിന്റെപേരിലുള്ളത്.
കഴിഞ്ഞ നാലു ടെസ്റ്റുകള്‍ക്ക് വേദിയായ ഹൈദരാബാദ്, വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി എന്നിവിടങ്ങളിലെല്ലാം സീമർമാർക്കും അനുകൂലമായാണ് പിച്ച് നിർമിച്ചത്.
എന്നാൽ അഞ്ചാം ടെസ്റ്റിൽ പന്ത് കുത്തിത്തിരിയുന്ന രീതിയിലാകും പിച്ചിന്റെ നിർമാണമെന്നാണ് റിപ്പോർട്ടുകൾ. ധർമശാലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടവിട്ട് പെയ്യുന്ന മഴ തയാറെടുപ്പുകളെ ബാധിച്ചിട്ടുണ്ട്.
ഇത് എത്രമാത്രം പിച്ചിന്റെ സ്വാഭാവത്തെ സ്വാധീനിക്കുമെന്ന് വരും ദിവസങ്ങളിലെ വ്യക്തമാവു. രണ്ട് ദിവസത്തിനുള്ള പിച്ചിന്റെ സ്വഭാവം മാറ്റിമറിക്കാനാവില്ലെങ്കിലും പിച്ചില്‍ എത്രത്തോളം പുല്ല് നിലനിര്‍ത്തണമെന്ന കാര്യങ്ങളിലെല്ലാം ഇന്ത്യന്‍ ടീമിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും ക്യൂറേറ്റര്‍ തീരുമാനമെടുക്കുക.
ഇന്നലെ ഉച്ചയ്ക്ക് മൈതാനത്ത് എത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമയും പരിശീലകൻ ദ്രാവിഡും പിച്ച് പരിശോധിച്ചു. ഇരുവരും ക്യൂരേറ്ററുമായി സംസാരിച്ചു ഇതിന്റെ അടിസ്ഥാനത്തിലാകും പിച്ചിൽ അവസാന മാറ്റങ്ങൾ വരുത്തുക.
റാഞ്ചി ടെസ്റ്റിലെ പിച്ച് പോലെ അസ്വാഭാവിക ബൗണ്‍സായിരിക്കില്ല ധരംശാലയിലേത് എങ്കിലും മൂന്നാം ദിനം മുതല്‍ ബാറ്റിങ് ദുഷ്കരമാകുന്ന പിച്ചായിരിക്കും അവസാന ടെസ്റ്റിലും ഇരു ടീമുകളെയും കാത്തിരിക്കുന്നത് എന്നതിനാല്‍ ടോസ് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.