അശോക് ചവാൻ കേൺഗ്രസിൽ നിന്ന് രാജി വച്ചു, ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് സൂചന
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസിൽ നിന്ന് രാജി വച്ചു. അധികം വൈകാതെ ചവാനും മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിൽ നിന്നുള്ള പ്രാഥമികാംഗത്വം രാജി വച്ചു കൊണ്ട് മഹാരാഷ്ട്രാ അസംബ്ലി സ്പീക്കർ രാഹുൽ നർവേക്കറിനാണ് ചവാൻ കത്തു നൽകിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സമയത്ത് ചവാന്റെ രാജി കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളിൽ ചവാൻ അതൃപ്തനായിരുന്നു.
ഇതാണ് പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ ചവാനെ നിർബന്ധിതനാക്കിയത്. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് അജിത് പവാറിന്റെ എൻസിപിയിൽ ചേർന്നതിനു പിന്നാലെയാണ് ചവാനും രാജി സമർപ്പിച്ചിരിക്കുന്നത്.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മുതിർന്ന നേതാവ് വിവേക് ടാങ്കയും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹവും കനക്കുകയാണ്.
ഇനിയും എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണൂ എന്നാണ് ചാവന്റെ രാജിയെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.
65കാരനായ ചവാൻ മറാത്വാഡ മേഖലയിലെ നാൻഡഡ് ജില്ലയിൽ നിന്നുള്ള നേതാവാണ്. ചവാന്റെ അച്ഛൻ ശങ്ര റാവു ചവാനും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്നു.
മുംബൈയിലെ ആദർശ് ഹൗസിങ് അഴിമതി ആരോപണത്തെത്തുടർന്നാണ് ചവാന് 2010ൽ മുഖ്യമന്ത്രിപദം ഒഴിയേണ്ടി വന്നത്. 2014 മുതൽ 2019 മുതൽ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനുമായിരുന്നു ചവാൻ.