ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് മായാവതി
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി മേധാവി മായാവതി. പിറന്നാൾ ദിനത്തിൽ ലക്നൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മായാവതി സഖ്യസാധ്യതകളെയെല്ലാം തള്ളി ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ജാതിവിവേചനവും വർഗീയതയും നയമാക്കിയ പാർട്ടികളിൽ നിന്ന് ബി.എസ്.പി എപ്പോഴും ദൂരം പാലിക്കുമെന്നും മായാവതി വ്യക്തമാക്കി. ഇതിനു മുൻപ് മറ്റു പാർട്ടികളുമായുണ്ടാക്കിയ സഖ്യങ്ങളൊന്നും ബി.എസ്.പിക്ക് ഗുണമായിരുന്നില്ല.
സഖ്യങ്ങൾ ഉണ്ടാക്കിയപ്പോഴൊക്കെ ബി.എസ്.പിക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതു കൊണ്ടായിരിക്കും പല പാർട്ടികളും ബി.എസ്.പിയുമായി സഖ്യത്തിന് ശ്രമിക്കുന്നത്.
അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്ക് മത്സരിക്കും. ഫലം വന്നതിനു ശേഷം മാത്രമേ മറ്റേതെങ്കിലും പാർട്ടിക്കു പിന്തുണ നൽകാനോ സഖ്യത്തിലാകാനോ തീരുമാനിക്കൂവെന്നും മായാവതി വ്യക്തമാക്കി.
താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹത്തെയും മായാവതി തള്ളി. അനന്തരവൻ ആകാശ് ആനന്ദിനെ മായാവതി തന്റെ പിന്തുടർച്ചക്കാരനായി പ്രഖ്യാപിച്ചിരുന്നു.
അതിനു പുറകേയാണ് പാർട്ടി ചുമതലകൾ ആകാശിനെ ഏൽപ്പിച്ച് മായാവതി വിശ്രമജീവിതത്തിലേക്ക് തിരിയുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്.
എന്നാൽ അതു തെറ്റായ പ്രചരണമായിരുന്നുവെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് താൻ ബാധ്യസ്ഥയാണെന്നും പാർട്ടി പ്രവർത്തനം തുടരുമെന്നും അവർ വ്യക്തമാക്കി.
1990 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഉത്തർപ്രദേശിൽ ഏറെ സ്വാധീനമുള്ള പാർട്ടിയായിരുന്നു ബി.എസ്.പി. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാർട്ടി ദുർബലമാണ്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 12.8 ശതമാനം വോട്ടു മാത്രമേ ബി.എസ്.പിക്കും സ്വന്തമാക്കാൻ ആയുള്ളൂ. മൂന്നു ദശാബ്ദത്തിനിടെ ബി.എസ്.പിക്കു കിട്ടിയ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമായിരുന്നുവത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ ഒന്നിച്ചു നിൽക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ ബി.എസ്.പി പങ്കാളിയാകുമോയെന്നതിൽ ഇതു വരെ വ്യക്തത ഇല്ലായിരുന്നു.
ബി.എസ്.പിയെ ഒപ്പം ചേർത്താൻ സഖ്യത്തിൽ നിന്ന് പുറത്തു പോകുമെന്ന് സമാജ് വാദി പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബി.എസ്.പി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.