ജയ്ഹിന്ദ് ചാനലിന് സി.ബി.ഐ നോട്ടീസ്
ബാംഗ്ലൂർ: കോൺഗ്രസ് ചാനലായ ജയ്ഹിന്ദിന് സി.ബി.ഐ നോട്ടീസ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് നടപടി.
ഡി.കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. സി.ബി.ഐയുടെ ബംഗളൂരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ജയ്ഹിന്ദ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ബി.എസ് ഷിജുവിനോട് ജനുവരി 11ന് നേരിട്ട് ഹാജരാകണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.
ജയ്ഹിന്ദ് റ്റി.വിയിൽ ഡി.കെ ശിവകുമാർ ഇതുവരെ നിക്ഷേപിച്ച പണത്തിന്റെ രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്. ഡി.കെ ശിവകുമാർ, ഭാര്യ ഉഷ ശിവകുമാർ എന്നിവർക്ക് ചാനലിൽ ഉള്ള നിക്ഷേപത്തിൻറെ വിവരങ്ങളാണ് തേടിയിരിക്കുന്നത്.
ഇവർക്ക് പുറമെ ശിവകുമാറിന്റെ മക്കളുടെ പേരിലും ജയ്ഹിന്ദിലേക്ക് പണമെത്തിയതായി സംശയിക്കുന്നുണ്ട്. ഡിവിഡന്റ് - ഷെയർ, ബാങ്ക് ഇടപാടുകൾ, ഹോൾഡിംഗ് സ്റ്റേറ്റ്മെന്റ്, ലെഡ്ജർ അക്കൗണ്ട്, കോൺട്രാക്ട് വിവരങ്ങൾ തുടങ്ങിയവയും ചാനലിലോട് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്തായിരുന്നു ഡി.കെ ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2013 - 2018 വരെയുള്ള കാലയളവിൽ ശിവകുമാറും കുടുംബവും 74.93 കോടി രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്നായിരുന്നു കണ്ടെത്തൽ. കർണാടകയിലെ ബി.ജെ.പി സർക്കാർ പിന്നീട് കേസ് സി.ബി.ഐക്കു വിട്ടു.