അമല ഉണ്ണിയുടെ ജീവിതം തന്നെ പോരാട്ടമാണ്
തൊടുപുഴ: ഇടുക്കി തോപ്രാംകുടി പെരുംതൊട്ടി സ്വദേശിനി നാല്പതു വയസുകാരി അമല ഉണ്ണി ജനനം മുതൽ തന്നെ പരീക്ഷണങ്ങളെ അതിജീവിക്കുകയായിരുന്നു. പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലാണ് ജനനം.
അമ്മ തങ്കയെ കണ്ടതായി പോലും ഓർമ്മയില്ല. മാതാവിന്റെ മരണ ശേഷം പിതാവ് വേലായുധൻ മറ്റൊരു വിവാഹം കഴിച്ചതോടെ അമലയുടെ കുട്ടിക്കാലം തൊട്ടടുത്ത വീടുകളിലെ അടുക്കളത്തളങ്ങളിൽ ഒതുങ്ങി. പിതാവ് വല്ലപ്പോഴും എത്തി അമലയുടെ ശമ്പളം വാങ്ങി മടങ്ങും. അമല സ്കൂളിൽ പോയിട്ടില്ല.
സ്കൂളിൽ ചേർക്കേണ്ട കാലത്ത് അമലയെ പിതാവ് അയൽ വീടുകളിലെ അടുക്കളകളിലേക്കാണ് അയച്ചത്. ജോലിക്ക് നിന്ന വീട്ടുകാരുടെ കരുണയാൽ പത്താം വയസ്സിൽ കോഴിക്കോട്ടെ അഗതി മന്ദിരത്തിലേക്ക് ജീവിതം പറിച്ചു നട്ടു. പിന്നീടുള്ള പതിനാറു കൊല്ലം ഇരുപത്തിആറാം വയസ്സിൽ വിവാഹം വരെ അഗതിമന്ദിരത്തിൽ അന്തേവാസി.വിവാഹത്തിനുള്ള സഹായവും ചെയ്തു നല്കിയത് അഗതിമന്ദിരത്തിന്റെ ചുമതലക്കാരാണ്.
കുട്ടിക്കാലത്ത് കൂട്ടുകാർ സ്കുളിൽ പോയ കാലത്ത് പഠിക്കാൻ കഴിയാതിരുന്ന അമല ജോലി ചെയ്തിരുന്ന വീടുകളിലെ കുട്ടികൾ പഠിക്കുമ്പോൾ കണ്ടും കേട്ടും അക്ഷരങ്ങൾ വശത്താക്കിയിരുന്നു. അഗതിമന്ദിരത്തിൽ എത്തിയപ്പോൾ സിസ്റ്റർമാരും സഹായിച്ചു.
ഇടുക്കി തോപ്രാംകുടി പെരുംതൊട്ടി സ്വദേശി ഉണ്ണി ജോണുമായുള്ള വിവാഹ ശേഷം ഇടുക്കിയിൽ എത്തിയ അമലയും ഭർത്താവും ഇടക്ക് കുറച്ചു കാലം ജോലി തേടി അങ്കമാലിയിൽ താമസിച്ചിരുന്നു.
അങ്കമാലിയിൽ താമസിച്ചിരുന്ന കാലത്താണ് സാക്ഷരതാമിഷന്റെ സാക്ഷരത തുല്യത കോഴ്സുകളുടെ സാധ്യതകൾ അറിയുന്നത്. പിന്നീട് അവിടെ 2018 ൽ സാക്ഷരത കോഴ്സിലും 2019 ൽ നാലാം തരത്തിലും ചേർന്ന് വിജയിച്ചു.
ഇടുക്കിയിൽ തിരിച്ചെത്തിയ അമല മക്കളുടെ പഠനത്തിൽ സഹായിക്കേണ്ട ചുമതല കൂടി ഏറ്റെടുത്തതോടെയാണ് തന്റെ കുറവുകൾ തിരിച്ചറിഞ്ഞത്. ഇതോടെ സാക്ഷരതാ മിഷന്റെ തന്നെ ഏഴാം തരത്തിൽ ചേരാൻ ഉറച്ചു.
ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടം തുടർ വിദ്യാകേന്ദ്രം മുഖേന 2022 ൽ ഏഴാം തരത്തിൽ തുല്യത കോഴ്സിന് രജിസ്റ്റർ ചെയ്തു. കട്ടപ്പന ജി.ടി.എച്ച്.എസ്.എസ്സിലെ ഏഴാംതരം സമ്പർക്ക പഠനകേന്ദ്രത്തിൽ ഏഴാം തരം പഠനം. ഏഴാംതരം പരീക്ഷയിൽ നല്ല വിജയം കൈവരിച്ചെങ്കിലും ജനിച്ച സ്ഥലത്തെ പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യാത്തതിനാൽ
സർട്ടിഫിക്കറ്റിൽ ജനന തീയ്യതി ചേർക്കാനായില്ല.
സർട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോഴായിരുന്നു ജനന തീയ്യതി പ്രശ്നമായത്. നിശ്ചയ ദാർഢ്യവും പഠിക്കണമെന്ന ഒടുങ്ങാത്ത ആഗ്രഹവും ഇവിടെയും അമലയെ തളർത്തിയില്ല. തുടർന്ന് ഇടുക്കി ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ പി.എം അബ്ദുൾകരീമിന്റെ സഹായത്തോടെ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായരെ കണ്ട് സങ്കടം പറഞ്ഞു.
അമലയുടെ സങ്കടം ബോധ്യപ്പെട്ട സബ് കളക്ടർ അന്നു തന്നെ കൊല്ലങ്കോട് പഞ്ചായത്തിൽ ഇടപെട്ട് ടിയാൾ അവിടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് ഉറപ്പു വരുത്തി. പിന്നീട് ധൃത വേഗത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. അമല താമസിക്കുന്ന വാത്തിക്കുടി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അദ്ദേഹം നടപടികൾ സ്വീകരിച്ചു. ജനന സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇടുക്കി ജില്ലാ സാക്ഷരതാമിഷനും സംസ്ഥാന സാക്ഷരതാ മിഷനും ഞൊടിയിടയിൽ കാര്യങ്ങൾ നീക്കി. ജനന തീയ്യതി ചേർത്ത ഏഴാം തരം തുല്യത സർട്ടിഫിക്കറ്റ് ലഭിച്ചതോടെ അമലയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നനവ്.
തുടർന്നാണ് 2022 ബാച്ചിൽ അമല പത്താം തരം തുല്യത കോഴ്സിൽ ചേർന്നത്. 2023 സെപ്റ്റംബർ മാസത്തിൽ നടന്ന പത്താം തരം തുല്യത പരീക്ഷ എഴുതിയ അമലക്ക് ഫലം വന്നപ്പോൾ മികച്ച വിജയം. ഒരു വിഷയത്തിന് എ, ഒരു ബി പ്ലസ്, ഒരു ബി, അഞ്ച് സി പ്ലസ്, ഒരു സി എന്നിങ്ങനെയാണ് അമലയുടെ പരീക്ഷാ ഫലം.
കട്ടപ്പന ജി.റ്റി.എച്ച്.എസ്.എസ്സിൽ ആയിരുന്നു പരീക്ഷ എഴുതിയത്. ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ആണ് അടുത്ത ലക്ഷ്യമെന്നും പോരാട്ടമാണ് തന്നെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്നും അമല പറഞ്ഞു. ഭർത്താവ് ഉണ്ണി ജോൺ പെരുംതൊട്ടിയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഏഞ്ചൽ(എട്ടാം ക്ലാസ് വിദ്യാർത്ഥിനി) എൽബിൻ(ഏഴാം ക്ലാസ് വിദ്യാർത്ഥി) എന്നിവരാണ് മക്കൾ.