പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എ.ഡി.ജി.പി
കൊച്ചി: ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍.
കേരള സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസാണിത്. കേസിന്റെ അന്വേഷണം മുതല്‍ എല്ലാഘട്ടത്തിലും സഹായിച്ച എല്ലാവര്ക്കും നന്ദി പറയുന്നുവെന്നും എഡിജിപി പ്രതികരിച്ചു.
കൂടെ പ്രവർത്തിച്ചവർക്ക് നന്ദി. വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. അതിന് സഹായിച്ചത് നാട്ടുകാരാണ്. നാട്ടുകാർ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷെ പ്രതി നാടുവിട്ടേനെ. സമൂഹം തന്നെ മുന്നിട്ടിറങ്ങി. കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും കമ്മിറ്റ്മെന്റിന്റെ റിസൾട്ടാണിത്.
പ്രതി ഇതിന് മുമ്പും ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്തയാളാണ്. ഇത്തരത്തിലുള്ള പ്രതിക്ക് പരമാവധി ശിക്ഷ നൽകിയതിൽ കോടതിയോട് നന്ദി അറിയിക്കുന്നുവെന്നും എഡിജിപി വ്യക്തമാക്കി.
ഇയാളെ അപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് കണ്ടെത്തുക വളരെ ദുഷ്കരമായേനെ. പ്രതികളെ പിടികൂടിയ പെരുമ്പാവൂര്‍ ഇന്‍സ്പെക്ടര്‍ മഞ്ജുദാസ്, എസ്ഐ ശ്രീലാല്‍ തുടങ്ങി എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിക്കുന്നു.
വിചാരണ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും, പ്രോസിക്യൂഷന് സാക്ഷികള്‍, മാധ്യമപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി എല്ലാവര്ക്കും നന്ദി പറയുന്നു. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി മോഹന്‍രാജിനെ നിയമിക്കുന്നത്.
വളരെ വേഗത്തില്‍ വിധി പ്രസ്താവിക്കാന്‍ കോടതിയും വളരെ നല്ല നിലയില്‍ സഹകരിച്ചു. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുകയും 60 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കുകയും 100-ാം ദിവസം പ്രതി കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്യാന്‍ സാധിച്ചതായും എഡിജിപി വ്യക്തമാക്കി.