മിയയെ പൊക്കി തോളു തകര്‍ന്നു; ചാക്കോച്ചന്
ലോകത്തില്‍ ഏറ്റവും വാല്‍സല്യമുള്ള സിനിമാതാരങ്ങള്‍ ബോളിവുഡ് താരങ്ങളാണ്. കാരണം സ്റ്റേജില്‍ എത്തിയാല്‍ ആരെയെങ്കിലും എടുത്തു പൊക്കി താരാട്ടുകൂടി പാടിയില്ലെങ്കില്‍ പല ബോളിവുഡ് നടന്മാര്ക്കും ഉറക്കമില്ല എന്ന അവസ്ഥയാണ്. ഋത്വിക് റോഷന് കൊച്ചിയിലെത്തിയപ്പോള്‍ അടുത്തു നിന്ന ആരാധികയെ എടുത്തുപൊക്കി വാര്‍ത്തകളിലും ചിത്രങ്ങളിലും ഇടംപിടിച്ചു. ബോളിവുഡിന് ഇതൊന്നും വാര്‍ത്തയല്ല. മുന്‍പു ഷാരുഖ് ഖാന് സ്റ്റേജ് ഷോയ്ക്കിടെ റിമി ടോമിയെ എടുത്തു പൊക്കി റെക്കോര്‍ഡിട്ടിരുന്നു.
റിമി അന്നു ഇത്ര മെലിഞ്ഞിട്ടില്ല എന്നതും മറക്കരുത്. സ്റ്റേജിലും സ്ക്രീനിലും ഷോമാനായ കിങ് ഖാന് ആ പൊക്കില്‍ നടുവെട്ടിയെന്നും ഇല്ലെന്നുമൊക്കെ പലവിധ ചര്‍ച്ചകള്‍ വന്നെങ്കിലും തന്റെ ശീലം മാറ്റാന്‍ ഷാരുഖ് തയാറായില്ല. പൊതുവേദിയില്‍ വച്ച് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊക്കിയെടുത്ത സംഭവം വന്‍ വിവാദത്തിനു കാരണമായി. യൂണിഫോമിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥയെ എടുത്തു പൊക്കാന്‍ ഷാരുഖിനു എങ്ങനെ ധൈര്യം വന്നുവെന്നു ചോദിച്ച് ഉന്നത പൊലീസ് അധികാരികള്‍ പോലും രംഗത്തുവന്നിരുന്നു.
ബോളിവുഡിലെ മറ്റൊരു ശ്രദ്ധേയമായ ഉയര്‍ത്തല്‍ വീരന് വരുണ്‍ ധവാനാണ്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ച ആലിയ ഭട്ടിനെ എടുത്ത പൊക്കി വരുണും വാര്‍ത്തകളില്‍ ഇടം നേടി. ഹംറ്റി ശര്‍മ കി ദുല്ഖാനിയ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടയിലാണ് വരുണ്‍ ആലിയയെ എടുത്തുയര്‍ത്തിയത്. തമാശയ്ക്കു ചെയ്ത സംഭവം ആലിയയെ വല്ലാതെ ചൊടിപ്പിച്ചു. മേലാല്‍ തന്റെ സമ്മതം കൂടാതെ ഇങ്ങനെയൊന്നും ചെയ്യരുതെന്ന് ആലിയ വരുണിനോട് ആവശ്യപ്പെട്ടുവെന്നും കഥകളുണ്ട്. എന്നാല്‍ എടുത്തുയര്‍ത്തുന്ന കലയില്‍ തന്റെ മികവ് വരുണ്‍ പിന്നീടും തെളിയിച്ചിട്ടുണ്ട്. ഒരിക്കല്‍ രണ്ടു കൈകളിലും രണ്ട് ആരാധികമാരെ എടുത്തുയര്‍ത്തിയ വരുണിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ഇക്കൂട്ടത്തില്‍ നിന്നും തികച്ചും വ്യത്യസ്തയാണു ദീപിക പദുകോണ്‍. ബോളിവുഡ് യുവനടന് ഇമ്രാന്‍ഖാനെ മുതുകിലേറ്റി നില്ക്കുന്ന ദീപികയുടെ ചിത്രം ഇടക്കാലത്തു വന്‍തരംഗം ഉയര്‍ത്തിയിരുന്നു. ദീപിക എപ്പോഴും വ്യത്യസ്തയാണല്ലോ. ‘ചേട്ടന് തബുവിനെ എത്ര അനായാസം എടുത്തുയര്‍ത്തുന്നു. എന്നെ ഒരിക്കല്‍പ്പോലും കോരിയെടുത്തിട്ടില്ലല്ലോ’ എന്നു മലയാളത്തിലെ ആകാരസൗഭഗമുള്ള പ്രമുഖ നടന്റെ ഭാര്യ പറഞ്ഞ പരിഭവം താരം തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ പ്രേക്ഷകര്‍ കാണുന്നതുപോലെ അത്ര റൊമാന്റിക്കല്ല നടിമാരെപ്പൊക്കിയെടുക്കുന്നത് എന്ന അഭിപ്രായമാണ് കുഞ്ചാക്കോ ബോബന്.
ലോഹിതദാസിന്റെ കസ്തൂരിമാന്‍ എന്ന സിനിമയില്‍ മുണ്ടും ജുബ്ബയുമിട്ട ചാക്കോച്ചന് സെറ്റുസാരിയുടുത്ത മീരാജാസ്മിനെ കോരിയെടുത്തു പാടവരമ്പത്തുകൂടെ പോകുന്ന ഒരു സീനുണ്ട്. മീരയ്ക്ക് അന്‍പതുകിലോയോളം തൂക്കമുണ്ട്. വഴുതെന്നിക്കിടക്കുന്ന പാടവരമ്പ്. മുന്നില്‍ ക്യാമറാമാന് വേണുവും ലോഹിതദാസും. പ്രേക്ഷകര്‍ അന്നു തന്റെ മുഖത്തു കണ്ട പ്രേമഭാവമൊന്നുമായിരുന്നില്ല ഉള്ളിലെന്നു ചാക്കോച്ചന്. എന്നാല്‍ ചാക്കോച്ചന് പെട്ടുപോയതു വിശുദ്ധന് എന്ന സിനിമയിലാണ്.
അതില്‍ പ്രണയ സീനൊന്നുമല്ല. നായിക മിയയെ തോളിലിട്ടു കൊണ്ടുപോകുന്ന സീനെടുത്തതു വാഗമണിലെ തണുപ്പില്‍. മഴ പെയ്യിച്ച് മെഷീനും റെഡി. അന്നു പ്രേക്ഷകര്‍ മുഖത്തെ ക്ലോസപ്പില്‍ കണ്ട വേദന ശരിക്കും നായികയുടെ ഭാരം സമ്മാനിച്ചതാണെന്ന് ചാക്കോച്ചന് പറഞ്ഞു. തോളിന്റെ ലിഗ്മെന്റിനു ചികില്‍സയിലായിരുന്ന ചാക്കോച്ചന് അതുപൊലെത്തെ റിസ്ക്ക് ഏറ്റെടുത്തിട്ടില്ല. റൊമാന്റിക് നായകന്റെ കുപ്പായം ഊരിവെച്ചതോടെ ഇപ്പോള്‍ നായികയെ ഉയര്‍ത്തേണ്ടി വരാറില്ലെന്നും ചാക്കോച്ചന്.
നായികമാര്‍ മെലിയണമെന്ന് ആഗ്രഹിക്കുന്നത് ഈ ഉയര്‍ത്തല്‍ ഫാക്ടര്‍ കൂടി കണക്കിലെടുത്താകാം എന്നാണ് നടന് ദിലീപിന്റെ അഭിപ്രായം. കനമുള്ള നായികയെ ഉയര്‍ത്തി നടുവുവെട്ടിയ നായകന് അടുത്ത സിനിമയ്ക്കു കതിരുപോലുള്ള നായികയെത്തേടുന്നതു സ്വാഭാവികമല്ലേ. നല്ല താളബോധവും ചുവടുകളുമറിയാവുന്ന താരങ്ങള്‍ക്കു നൃത്തത്തിനിടെ അനായാസം ചെയ്യാവുന്ന കാര്യമാണു നായികയെ ഉയര്‍ത്തല്‍ എന്നാണ് സംസ്ഥാന അവാര്‍ഡ് നേടിയ നൃത്തസംവിധായിക സജ്ന പറയുന്നത്.
നൃത്തത്തിന്റെ പൂര്‍ണത ആവശ്യപ്പെടുമെങ്കില്‍ മാത്രമേ തന്റെ പാട്ടുകളില്‍ നായികയെ ഉയര്ത്താറുള്ളൂവെന്നും സജ്ന പറയുന്നു. നായികയെ എടുത്തുയര്ത്തുമെന്നു തോന്നിക്കുന്നതും എന്നാല്‍ അതിന്റെ വക്കത്തുവരെ എത്തി അതിമനോഹരമായി പിന്മാറുന്നതുമായ സീനുകളുള്ള ഒരു ബോളിവുഡ് പാട്ട് സീനാണു സജ്നയ്ക്കു പ്രിയങ്കരം. ഷാറുഖ് ഖാനും കജോളും ചേര്‍ന്നഭിനയിച്ച കരണ്‍ ജോഹറിന്റെ ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തിലെ സൂരജ് ഹുവാ മഥം ചാന്ദ് ജാല്നേ ലഗാ… എന്ന പാട്ടൊന്നു കണ്ടാല്‍ ഇത് മനസ്സിലാകും.