ഇലക്കറികള്‍ പോഷകക്കലവറ
പോഷകാഹാരക്കുറവുകള്‍ വിദ്യാര്‍ത്ഥികളില്‍ പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇതു പരിഹരിക്കാന്‍ പറ്റിയ ഏറ്റവും നല്ല മരുന്നാണ് ഇലക്കറികള്‍. ജീവകം എ, ബി, സി ധാതുലവണങ്ങളായ ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് ഇലക്കറികള്‍. നാരിന്റെ അംശം വളരെ കൂടുതലുള്ളതുകൊണ്ട് ദഹന ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ഇതുപകരിക്കുന്നു.
ജീവകം എ യുടെ അഭാവം മുലമുണ്ടാകുന്ന നിശാന്ധത പോലുള്ള കണ്ണിന്റെ അസുഖങ്ങളും കുട്ടികള്‍ക്കിടയില്‍ പെരുകി വരികയാണ്. വീട്ടില്‍ എളുപ്പത്തില്‍ വളര്ത്താവുന്നവയായ ചില ഇലക്കറികളെ പരിചയപ്പെടുത്തുകയാണിവിടെ.
ചീര
പാവപ്പെട്ടവന്റെ പച്ചക്കറി എന്നാണ് ചീര അറിയപ്പെടുന്നത്. പച്ചയും ചുവപ്പും നിറമുള്ള ചീരയിനങ്ങളാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇലക്കറിയായി വളര്‍ത്തുന്നത്. കണ്ണാറ ലോക്കല്‍ അരുന് എന്നിവയാണ് ചുവന്ന ചീരയില്‍ പ്രധാനം. തണ്ടുകീര വര്‍ഗത്തില്‍പ്പെടുന്ന കോ1 ആണ് പച്ച ചീരയില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യപ്പെടുന്നത്. കൃഷിസ്ഥലത്ത് നേരിട്ട് വിത്തുപാകിയോ തൈകളുണ്ടാക്കി പറിച്ചു നട്ടോ ചീര കൃഷിചെയ്യാം. കൂടാതെ ബക്കറ്റിലും ചട്ടിയിലും ഗ്രോബാഗിലുമൊക്കെ ചീര വളര്‍ത്താം. വൈകുന്നേരം വെയിലാറിയശേഷമാണ് ചീരത്തൈകള്‍ നടേണ്ടത്. നട്ടയുടന്‍ നനച്ചുകൊടുക്കണം. വേരുറയ്ക്കുന്നതുവരെ തണലും നാട്ടണം. തൈ നട്ട് 25 ദിവസമെത്തുമ്പോള്‍ ആദ്യ വിളവെടുക്കാം. പിന്നീട് ഇടവിട്ട് ശാഖകള്‍ മുറിച്ചെടുക്കാം. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ചാണകം തളിച്ചു കൊടുക്കണം. അമരാന്തേസിയേ കുടുംബത്തില്‍പ്പെട്ട ചീരയുടെ ശാസ്ത്രനാമം അമരാന്തസ്.
വള്ളിച്ചീര
വശളച്ചീര, ബാസല്ല എന്നീ പേരുകളിലും അറിയപ്പെടുന്നു. പച്ചത്തണ്ടുള്ള വൃത്താകൃതിയിലുള്ള ഇലകളുള്ള പച്ചവശളച്ചീര ചുവന്ന തണ്ടും ഇലയുമുള്ള ചുവന്ന വശളച്ചീര എന്നിവയാണ് വള്ളിച്ചീരയില്‍ പ്രചാരത്തിലുള്ളവ. വിത്ത് മുളപ്പിച്ചും ഇളംതണ്ടുകള്‍ മുറിച്ചു നട്ടും വളര്‍ത്തിയെടുക്കാം. പന്തലിട്ടുകൊടുത്താല് കൂടുതല്‍ നല്ല ഇല ലഭിക്കും. വായിലുണ്ടാകുന്ന അള്‍സര്‍ ശമിക്കാന്‍ ചുവന്ന വശളച്ചീരയുടെ ഇല പച്ചയ്ക്കു ചവച്ചു തിന്നാല്‍ മതി. ബജി, സൂപ്പ്, പരിപ്പുകറി, മെഴുക്കുപുരട്ടി, തോരന്‍ എന്നിവയുണ്ടാക്കാന്‍ വശളച്ചീര നല്ലതാണ്. വശളച്ചീരയുടെ ശാസ്ത്രനാമം ബാസല്ല ആല്‍ബ.
മധുരച്ചീര
ജന്മദേശം മലയയായതിനാല് മലയച്ചീര എന്നുമൊക്കെ ഇതിനെ വിളിക്കുന്നു. ഇലയ്ക്ക് നേരിയ മധുരമുള്ളതിനാലാണ് മധുരച്ചീര എന്ന പേരു വന്നത്. പണ്ടൊക്കെ ജൈവവേലിയായി അടുക്കളത്തോട്ടത്തില്‍ മധുരച്ചീര എല്ലാ വീട്ടിലും കൃഷി ചെയ്തിരുന്നു. ഇലമൂക്കുന്നതിനു മുമ്പ് പറിച്ചെടുത്തുപയോഗിക്കണം. ഇടയ്ക്കിടെ ശാഖകള്‍ കോതിക്കൊടുക്കണം. സാമ്പാറുണ്ടാക്കാനും പരിപ്പു ചേര്‍ത്തു കറിവയ്ക്കാനും തോരനുണ്ടാക്കാനുമൊക്കെ മധുരച്ചീര നല്ലതാണ്.യുഫോര്ബിയേസിയേ കുടുംബാംഗമായ മധുരച്ചീരയുടെ ശാസ്ത്രനാമം സൗറോപ്പസ്ആന്ഡ്രോഗൈനസ്.
ചക്രവര്‍ത്തി ചീര
തമിഴ്നാട്ടില്‍ ഇതിനെ പരിപ്പുകീര എന്നു വിളിക്കുന്നു. ഇലയുടെ മധ്യഭാഗത്തിന് പിങ്ക് കലര്‍ന്ന പച്ചനിറമാണ്. ഇലകളില്‍ മെഴുകുപോലുള്ള ആവരണമുണ്ട്. പൂക്കള്‍ കുലകളായി ഉണ്ടാകും. വിത്തില്‍ നിന്നും പറിച്ചു നട്ടും കൃഷുചെയ്യാം. മൂക്കാത്ത ഇലകളും തണ്ടുമാണ് ഭക്ഷ്യയോഗ്യം. സാലഡ്, സൂപ്പ്, പരിപ്പുകറി, തോരന്‍ എന്നിവയ്ക്കെല്ലാം ചക്രവര്‍ത്തിച്ചീര നല്ലതാണ്. ബീറ്റ്റൂട്ട് ഉള്‍പ്പെടുന്ന ചീനോപോഡികേസിയ കുടുംബാംഗമായ ചക്രവര്ത്തിച്ചീരയുടെ ശാസ്ത്രനാമം ചീനോപോഡിയംആല്ബം എന്നാണ്.
അക്ഷരച്ചീര എന്ന പൊന്നാങ്കണ്ണിച്ചീര
തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട ചീരയാണ് പൊന്നാങ്കണ്ണിച്ചീര. ഔഷധഗുണത്തിലും പോഷകഗുണത്തിലും പൊന്നുപോലെ അമൂല്യമായതിനാലാണ് ഇതിനെ പൊന്നാങ്കണ്ണിച്ചീര എന്നു വിളിക്കുന്നത്. വയലുകളിലും ചതുപ്പുകളിലും ഇത് നന്നായി വളരും, മൂപ്പെത്താത്ത ഇലയും തണ്ടും കറിവെക്കാന്‍ നല്ലതാണ്. കണ്ണിന്റെ തെളിമയ്ക്ക്, മുറിവുണങ്ങാന്‍, ചുമയ്ക്ക്, ആസ്ത്മ, പ്രമേഹം, അള്‍സര്‍, വയറുവേദന, സന്ധിവേദന, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം ഔഷധമാണെത്രെ പൊന്നാങ്കണ്ണിച്ചീര. പൂന്തോട്ടത്തില്‍ അക്ഷരങ്ങളുടെ ആകൃതിയില്‍ വെട്ടിനിര്ത്താനുപയോഗിക്കുന്നതുകൊണ്ടാണ് അക്ഷരച്ചീര എന്നു വിളിക്കുന്നത്. ചിലര്‍ ബംഗാള്ച്ചീര എന്നും വിളിക്കുന്നു. നിലത്ത് പടര്‍ന്നു വളരുന്നു. അമരാന്തേസിയേ കുടുംബാംഗമായ അക്ഷരച്ചീരയുടെ ശാസ്ത്രനാമം ആള്ട്ടര്നാന്തിറസെസിലിസ് എന്നാണ്.
കൊഴുപ്പച്ചീര
വയലുകളിലും ചതുപ്പുകളിലും കായല്‍ത്തീരത്തും വളരും. തണ്ടിന് ഉപ്പുരസമുള്ളതുകൊണ്ട് ഉപ്പുചീര എന്നും ചിലര്‍ വിളിക്കാറുണ്ട്. കറിവെച്ചാലും സൂപ്പുണ്ടാക്കിയാലുമൊക്കെ നല്ല രുചിയാണ്. കടല്‍ മീനുകള്‍ കഴിഞ്ഞാല്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ നല്ലൊരു സ്രോതസ്സാണ്കൊഴുപ്പുചീര. മൂത്രചൂട്, മലബന്ധം, ടൈപ്പ്2 പ്രമേഹം എന്നിവയ്ക്ക് ഇത് നല്ല ഔഷധമാണ്. നല്ലൊരു കോഴിത്തീറ്റകൂടിയാണ് കൊഴുപ്പുച്ചീര. ശാസ്ത്രനാമം പോര്‍ട്ടുലാക്ക ഒളറേസിയ.
മുള്ളന്ചീര
തണ്ടു നിറയെ മുള്ളുകളുള്ളതിനാലാണിതിനേ മുള്ളന്‍ ചീര എന്നു വിളിക്കുന്നത്. വഴിയരികിലും കുപ്പകളിലും ചതുപ്പുകളിലുമൊക്കെ മുള്ളന്‍ ചീരയെക്കാണാം. ഔഷധഗുണവും പോഷകഗുണവുമുള്ള ഇലക്കറിയാണ് മുള്ളന്ചീര. മുള്ളുകൊള്ളാതെ പറിച്ചെടുക്കണമെന്നു മാത്രം. ശാസ്ത്രനാമം അമരാന്തസ് സ്പൈനോസസ്. തേങ്ങയരച്ച് കറിവയ്ക്കാനും തോരനുണ്ടാക്കാനും സൂപ്പുണ്ടാക്കാനുമൊക്കെ ഇതു നല്ലതാണ്.
ചേമ്പിന്താൾ
പഴയ തലമുറയുടെ മഴക്കാലത്തെ പ്രധാന ഇലക്കറിയായിരുന്നു ചേമ്പിന്താൾ. വയലിലും തോട്ടുവക്കത്തും പറമ്പിലുമൊക്കെ ഇത് നന്നായി വളരും. ചേമ്പിന്‍താളും ചെമ്മീന്‍കറിയും താളുകൊണ്ടുള്ള പുളിങ്കറിയുമൊക്കെ ഓര്‍ക്കുമ്പോള്‍ പഴമക്കാരുടെ നാവില്‍ ഇന്നും കപ്പലോടും. അരിഞ്ഞുണ്ടാക്കാനുള്ള മടിയും അരിയുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന കൈ ചൊറിച്ചിലുമൊക്കെ കാരണം ഇന്നത്തെ തലമുറയുടെ ആഹാരപ്പാത്രത്തില് നിന്ന് ഈ പോഷകമൂല്യമുള്ള ഇലക്കറി അന്യം നിന്നു പോയി. താളുചേമ്പിന്റെ ശാസ്ത്രനാമം കൊളക്കേഷ്യ സ്ക്യൂലന്റ്.
ചമ്മന്തിക്ക് ചങ്ങലം പരണ്ട
ചങ്ങലയുടേതു പോലെ ആകൃതിയാണിതിന്. ചങ്ങലം പരണ്ട എന്ന പേരുവരാനുള്ള കാരണം ഇതുതന്നെ. ചതുരാകൃതിയിലുള്ള തണ്ടോടു കൂടി പടര്‍ന്നു കയറുന്ന ഈ വള്ളിച്ചെടിയെ പൂന്തോട്ടത്തില്‍ അലങ്കാരത്തിനായും ഔഷധച്ചെ-ടിയായുമൊക്കെ വളര്‍ത്തി വരുന്നു. ഒടിവോ ചതവോ ഉണ്ടായാല്‍ ഇതിട്ടു കാച്ചിയ കുഴമ്പു തേച്ചാല്‍ എളുപ്പം സുഖമാകും. ഇതിന്റെ തണ്ടും ഇലയും ചേര്‍ത്താണ് ചമ്മന്തി ഉണ്ടാക്കുക. ഇതിന്റെ ഇളം തണ്ടു കൊണ്ട് അച്ചാറുണ്ടാക്കും. ചെറുതായി എണ്ണയില്‍ വഴറ്റിയെടുത്ത് പുളിയും തേങ്ങയും തക്കാളിയുമൊക്കെ ചേര്‍ത്ത് മീന്‍കറി പോലെ വെച്ചാലും നല്ല രസമാണ്. ചങ്ങലം പരണ്ടയുടെ ശാസ്ത്രനാമം സിസ്സസ് കോഡ്രാങ്കുലാരിസ്.
ഇലക്കറി തരുന്ന മരങ്ങള്‍
പോഷക സമ്പുഷ്ടമായ ഇലക്കറികള്‍ തരുന്ന ചില മരങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം മുരിങ്ങയാണ്. മുരിങ്ങ പലതരമുണ്ട്. ചെമ്മുരിങ്ങ, കാട്ടുമുരിങ്ങ, പാല് മുരിങ്ങ, കൊടിക്കാല് മുരിങ്ങ, ജാഫ്ന, കെ.എം, പി.കെ.എംസി, പി.കെ.എം2 എന്നിവയാണ് പ്രധാന മുരിങ്ങയിനങ്ങള്‍. കേരളീയര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇലക്കറിയാണ് മുരിങ്ങ. ഇല നുള്ളിയെടുക്കാന്‍ സമയം ആവശ്യമുണ്ട് എന്നതിനാല്‍ പുതുതലമുറയില്‍പ്പെട്ടവര്‍ ഈ അത്ഭുത മരത്തെ പ്രയോജനപ്പെടുന്നത് കുറഞ്ഞു കുറഞ്ഞു വരികയാണ്.
വിറ്റാമിന്‍ എ യുടെ കലവറയാണ് മുരിങ്ങയില. നിശാന്ധത മാറ്റാന്‍ മുരിങ്ങയില നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. പ്രമേഹം, വന്ധ്യത, തുടങ്ങി 300 ല്‍പ്പരം രോഗങ്ങള്‍ക്ക് കണ്‍കണ്ട ഔഷധമാണ് മുരിങ്ങയില. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാലുണ്ടാകുവാന് മുരിങ്ങയില നല്ലതാണ്. പരിപ്പുകറിവെയ്ക്കാം, തോരനുണ്ടാക്കാം, സൂപ്പുണ്ടാക്കാം, ദോശയിലും പുട്ടിലും ഓംലറ്റിലുമൊക്കെ ചേര്‍ത്ത് രുചികരമാക്കാം തുടങ്ങി ധാരാളം പ്രയോജനങ്ങള്‍ മുരിങ്ങയിലയ്ക്കുണ്ട്. ഇല മാത്രമല്ല വേര്, കായ്, ഇല, പൂവ്, മരത്തിന്റെ തൊലി എന്നിവയെല്ലാം മരുന്നായി ഉപയോഗിക്കുന്നു. മുരിങ്ങയുടെ ശാസ്ത്രനാമം മൊരിങ്ക ഒലിഫെറെ.
അഗത്തിച്ചീര
കേരളത്തില്‍ അത്ര പ്രചാരം കിട്ടിയിട്ടില്ലാത്ത, എന്നാല്‍ ഒരുപാട് ഔഷധഗുണങ്ങളും പോഷകഗുണങ്ങളുമുള്ള ഇലക്കറി മരമാണ് അഗത്തിച്ചീര. അഗത്തി അകത്ത് ചെന്നാല്‍ വ്യാധികള്‍ പുറത്ത് എന്നൊരു ചൊല്ലു തന്നെയുണ്ട്. ഇതിന്റെ കായ്ക്ക് മുരിങ്ങാ കായോട് സാദൃശ്യമുണ്ട്. മലേഷ്യന്‍ സ്വദേശിയാണ് അഗത്തി. വളരെ വേഗം ഇതൊരു ചെറിയ മരമായി വളരും. മൂക്കാത്ത ഇലകളും പൂക്കളുമാണ് ഭക്ഷ്യയോഗ്യമായ ഭാഗങ്ങള്‍. പൂക്കളുടെ നിറമനുസരിച്ച് അഗത്തി നാലിനമുണ്ട്. ഇതില്‍ വെള്ളപ്പൂക്കളുള്ളവയാണ് ഇലക്കറിയായി കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്. ചുവന്ന പൂക്കളുള്ളവ ഔഷധമായും വിത്ത് നട്ടോ കമ്പുകള്‍ മുറിച്ചു നട്ടോ അഗത്തി കൃഷി ചെയ്യാം. നട്ട് നാലഞ്ച് മാസം കഴിയുമ്പോള്‍ ഇലകള്‍ പറിച്ചു തുടങ്ങാം. അഗത്തിയുടെ ശാസ്ത്രനാമം സെസ്ബേനിയ ഗ്രാന്റിഫ്ളോറ.
സൗഹൃദച്ചീര
മൂന്ന് മൂന്നര മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഇലക്കറിമരമാണ് സൗഹൃദച്ചീര. പച്ചിലക്കറിയായും സാലഡായും ഇതിന്റെ ഇലകളെ ഉപയോഗിക്കാം. മുട്ടയുമായി ചേര്‍ത്ത് ഓംലറ്റും കട്ലറ്റുമൊക്കെ ഉണ്ടാക്കാം. തോരനും കൊള്ളാം. ഇന്‍ഡോനേഷ്യയാണ് ജന്മദേശം. മണല്‍ കലര്‍ന്ന മണ്ണില്‍ നന്നായി വളരും. പൂന്തോട്ടത്തിന്റെ അതിരായി വെച്ചു പിടിപ്പിക്കാം. നിക്ടാജിനേസിയേ കുടുംബത്തില്‍പ്പെട്ട സൗഹൃദച്ചീരയുടെ ശാസ്ത്രനാമം പൈസോണിയ ആല്‍ബ എന്നാണ്.