സർവകലാശാല ഓഫീസ് അറ്റൻഡന്റ്; പരീക്ഷ എഴുതാൻ കിഴയാത്തവർക്ക് വീണ്ടും അവരം നൽകി പി.എസ്.സി
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ സർവകലാശാലകളിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് നടത്തിയ പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് വീണ്ടും അവസരം.
ആഗസ്ത് അഞ്ച്, 17, സെപ്തംബർ ഒമ്പത് തുടങ്ങിയ പൊതുപ്രാഥമിക പരീക്ഷാദിവസം അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ളവർ അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്) ഹാജരാക്കിയാലോ, അപകടം പറ്റി ചികിത്സയിലുള്ളവർ അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും (നിശ്ചിത മാതൃകയിൽ ഉള്ളത്) ഹാജരാക്കിയാലോ, പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (നിശ്ചിത മാതൃകയിൽ ഉള്ളത്) എന്നിവ രണ്ടും ചേർത്ത് അപേക്ഷിച്ചാലോ, ഗർഭിണികളായ ഉദ്യോഗാർഥികളിൽ ബുദ്ധിമുട്ടുള്ളവർ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ എന്നിവർ ഇത് തെളിയിക്കുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാലോ, പരീക്ഷാദിവസം സ്വന്തം വിവാഹം നടന്ന ഉദ്യോഗാർഥികൾ തെളിവുസഹിതം അപേക്ഷിച്ചാലോ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാലോ 23ന് നടക്കുന്ന നാലാംഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുമെന്ന് പിഎസ്സി അറിയിച്ചു.
ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പിഎസ്സി ജില്ലാ ഓഫീസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേന നേരിട്ട് അപേക്ഷിക്കണം.
തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പിഎസ്സി ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തിൽ നൽകണം. തപാൽ ഇമെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
തിങ്കൾ മുതൽ 16വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2546260, 246.