കോതമംഗലം രൂപതയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കുന്നംകോട്ടച്ഛന് ഓര്‍മ്മയായി
തൊടുപുഴ: അര നൂറ്റാണ്ടുകാലം കോതമംഗലം രൂപതയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസനീയമായ നേതൃത്വം നല്കിയ വൈദിക ശ്രേഷ്ഠന് റവ. ഫാദര്‍ ജോര്‍ജ്ജ് കുന്നങ്കോട്ട് ഓര്‍മ്മയായി. മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂള്‍ അദ്ധ്യാപകനായും പതിനേഴ് വര്‍ഷം പ്രധാന അദ്ധ്യാപകനായും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി നിര്‍മ്മല ഹൈസ്കൂള്‍ കേരളത്തിലെ പ്രശസ്ത സ്കൂളുകളുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയുണ്ടായി. അതു വഴി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും പ്രത്യേകിച്ച് മൂവാറ്റുപുഴയിലെ പൊതു സമൂഹത്തിന്റെയും ആദരവും സ്നേഹവും ആര്ജ്ജിക്കുവാന് കുന്നംങ്കോട്ടച്ചന് സാധിച്ചിട്ടുണ്ട്.
അവിഭക്ത കോതമംഗലം കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ സെക്രട്ടറി എന്ന നിലയില്‍ പതിനാല് വര്‍ഷം നീണ്ടു നിന്ന തന്റെ പ്രവര്‍ത്തനങ്ങള്‍ വഴി രൂപതയുടെ വിദ്യാഭ്യാസ മേഖലക്ക് അഭൂത പൂര്‍വ്വമായ നേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ കോതമംഗലം രൂപതയുടെ കീഴില്‍ നാല്‍പ്പതോളം ഹൈസ്കൂളും നിരവധി യു പി സ്കൂളും ആരംഭിക്കുകയുണ്ടായി. ഹൈറേഞ്ചിന്റെ ഉന്നത വിദ്യാഭ്യാസത്തിന് ഒരു കുതിച്ചു ചാട്ടമായി വിശേഷിപ്പിക്കുന്ന മുരിക്കാശ്ശേരി പാവനാത്മ കോളേജ് സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളാണ് കുന്നംങ്കോട്ടച്ചന്. കേരള പ്രൈവറ്റ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് സെക്രട്ടറി എന്ന നിലയില്‍ പന്ത്രണ്ട് വര്‍ഷത്തെ തന്റെ പ്രവര്‍ത്തന കാലഘട്ടത്തില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലക്കും ന്യൂന പക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം അധ്വാനിക്കുകയും ചെയ്ത വ്യക്തിയുമായിരുന്നു കുന്നംങ്കോട്ടച്ചന്. മുതലക്കോടം സാന്‍ജോ വൈദിക മന്ദിരം, ഹോളി ഫാമിലി കോളേജ് ഓഫ് നഴ്സിംഗ് മുതലക്കോടം എന്നീ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ അച്ഛന് മുഖ്യ പങ്ക് വഹിക്കുകയുണ്ടായി.
തിരുബാല സഖ്യം രൂപതാ ഡയറക്ടര്‍, കാത്തലിക് സ്കൂള്‍ ടീച്ചേഴ്സ് ഗില്‍ഡ് ചാപ്ലെയ്ന്‍ , ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രോ-മാനേജര്‍ തുടങ്ങി തന്നില്‍ ഭരമേല്പ്പിച്ച നിരവധിയായ ഉത്തരവാദിത്വങ്ങള്‍ പൗരോഹിത്യ ശുശ്രൂഷയുടെ വിശുദ്ധിയോടെ നിര്‍വ്വഹിച്ച വൈദിക ശ്രേഷ്ഠനാണ് കുന്നംങ്കോട്ടച്ഛന്.
മൂല്യാധിഷ്ഠിത -ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും, തന്റെ കര്‍മ്മ മണ്ഡലത്തെ കര്‍മ്മ നിരതമാക്കുകയും , അനുകരണീയമായ മാതൃകകള്‍ വരും തലമുറകള്‍ക്ക് അമൂല്യ ശേഷിപ്പുകളാക്കി തീര്‍ക്കുകയും ചെയ്ത പ്രതിഭാശാലിയായ വൈദികനായിരുന്നു കുന്നംങ്കോട്ടച്ഛന്.
ഫാ. ജോര്‍ജ് കുന്നംകോട്ട് 2012ല്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ചതിന് ശേഷം മുതലക്കോടം സാന്‍ജോ ഭവനില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. അവസാന നാളുകളില്‍ പരേതന് നെടിയശാലയിലുള്ള സഹോദര പുത്രന് റെജി കുന്നംകോട്ടിന്റെ വസതിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അച്ഛന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രി 11.30നോടെ മരണം സംഭവിക്കുകയും ചെയ്തു. മൃതദ്ദേഹം നാളെ വൈകിട്ട് 5 മണിക്ക് നെടിയശാലയിലുള്ള സഹോദര പുത്രന് കര്‍ഷക യൂണിയന് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി റെജി കുന്നംകോട്ടിന്റെ ഭവനത്തില്‍ കൊണ്ടുവരും. 20ന് രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 11 മണിക്ക് നെടിയശാല സെന്റ് മേരീസ് ദേവാലയത്തില്‍ ഭൗതികശരീരം പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 2മണിക്ക് കോതമംഗലം രൂപത എമിരി റ്റസ്ക ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, കോതമംഗലം രൂപത ബിഷപ്പ് മാര്‍. ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍, ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നി പിതാക്കന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം ഭൗതിക ശരീരം നെടിയശാല സെന്റ് മേരീസ് ദേവാലയം സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.
മുട്ടം കുന്നംങ്കോട്ട് പരേതരായ ജോസഫിന്റെയും കത്രീനയുടെയും(നെടുങ്കല്ലേല്‍ പാറപ്പുഴ) ഒന്‍പതു മക്കളില്‍ മൂത്ത മകനായി 1930 ഒക്ടോബര്‍ 14ന് ജോര്ജ്ജച്ചന് ജനിച്ചു. നെടിയശാല സെന്റ് മേരീസ്, എന്‍ എസ് എസ് മണക്കാട്, ഗവ. ഹൈസ്കൂള്‍ തൊടുപുഴ, സെന്റ് തോമസ് ഹൈസകൂള് തുടങ്ങനാട് എന്നിവടങ്ങളില്‍ നിന്നു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ ബിരുദവും ബാംഗ്ളൂര്‍ മൈസൂര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയില്‍ നിന്നും ബി എഡ് ബിരുദവും നേടി.
കാന്‍ഡി പുന പേപ്പല്‍ സെമിനാരിയില്‍ നിന്നും വൈദിക പഠനം പൂര്‍ത്തിയാക്കി. 1960 ഒക്ടോബര്‍ 4ന് പട്ടം സ്വീകരിച്ചു. കോതമംഗലം കത്തീഡ്രല്‍ അസി. വികാരി, മാറാടി, കരിമണ്ണൂര്‍, മുതലക്കോടം എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: അന്നക്കുട്ടി സേവ്യര്‍ ചുണ്ടാട്ട്-കലൂര്‍, പരേതനായ കെ ജെ ജേക്കബ് കുന്നംങ്കോട്ട്-നെടിയശാല, കുന്നംങ്കോട്ട് കെ ജെ തോമസ്(സെന്റ്. അഗസ്റ്റിന്‍സ് കരിങ്കുന്നം, റിട്ട. അദ്ധ്യാപകന്), സിസ്റ്റര്‍ ലെയോണാര്‍ഡ് എസ് എച്ച്(അല്‍ഫോണ്‍സ ഹോസ്റ്റല്‍, മൂവാറ്റുപുഴ), സിസ്റ്റര്‍ ജോയ്സ് മരിയ എസ് എച്ച്(ഹോളി ഫാമിലി ഹോസ്പിറ്റല്‍, മുതലക്കോടം), മരിയ ജോര്‍ജ് കോതകുളത്തില്‍ -ചെറുവാണ്ടൂര്‍, കെ ജെ ജോസഫ് കുന്നംങ്കോട്ട്( കലൂര്‍ ഐയ്പ് മെമ്മോറിയല്‍ സ്കൂള്‍, റിട്ട. എച്ച് എം)മുട്ടം, കുസുമം അലക്സാണ്ടര്‍ വെള്ളരിങ്ങാട്ട്(വെള്ളയാംകുടി സെന്റ്. ജെറോംസ് എച്ച് എസ്, റിട്ട. അദ്ധ്യാപിക) കട്ടപ്പന,വെള്ളയാംകുടി എന്നിവര്‍ സഹോദരങ്ങളും റവ. ഫാ. ജോസ് നീറംപുഴ(വികാരി ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് പള്ളിക്കാമുറി,) റവ. ഫാ. പോള്‍ പാറത്താഴം(ഡയറക്ടര്‍ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, ബാംഗ്ലൂര്‍) എന്നിവര്‍ പിതൃ സഹോദരി പുത്രന്മാരുമാണ്.