ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ സപ്ലിമെൻററി അലോട്ട്മെൻറ്
തിരുവനന്തപുരം: ഹയർസെക്കൻഡറി പ്ലസ് വൺ മുഖ്യഘട്ട അലോട്ട്മെൻറുകളിലും ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിലും അലോട്ട്മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാം.ഇന്നു മുതൽ നാളെ(ജൂലൈ 20 ന് )വൈകിട്ട് നാലുവരെ ഓൺലൈനായി അപേക്ഷ നൽകാം.
രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ടമെൻറ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ്) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.
ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിച്ച് ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെ ഏതുവിവരവും തിരുത്താൻ സമയം നൽകിയിരുന്നു. ഈ അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടു അലോട്ടമെൻറ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ടമെൻറിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കാൻ സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്.
അപേക്ഷകർക്ക് രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാനും മറ്റും വേണ്ട നിർദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ് ഡെസ്കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർ ഒരുക്കണം.
ഹയർ സെക്കൻഡറി (വൊക്കേഷണൽ) മുഖ്യ/ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് ഇന്നു മുതൽ നാളെ(20ന്) വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യമുണ്ട്.
അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷ നൽകൽ പൂർത്തിയാക്കാം. മുഖ്യ/ഒന്നാം സപ്ലിമെൻറി അപേക്ഷിച്ച കുട്ടികൾ അപേക്ഷ പുതുക്കുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ APPLICATION എന്ന ലിങ്കിലൂടെ അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അവ വരുത്തി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി നൽകണം.