ഭീതിവിതച്ച് ഒമിക്രോണിന്റെ പുതിയ വകഭേദം ! ആന്റിബോഡി തെറാപ്പികളെ മറികടക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെ
ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.2.75.2 കേസുകള്‍ ലോകത്ത് ഉയരുന്നു. ബി.എ.2.75.2 രക്തത്തിലെ ന്യൂട്രലൈസിങ് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടുമെന്നും പല കോവിഡ് 19 ആന്റിബോഡി തെറാപ്പികളും ഇവയ്ക്കെതിരെ ഫലപ്രദമല്ലെന്നുമാണ് പുതിയ പഠനത്തില്‍ പറയുന്നത്.
ലാന്‍സറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒമിക്രോണ്‍ വകഭേദമായ ബി.എ.2.75 പരിണമിച്ചുണ്ടായതാണ് ബി.എ.2.75.2 ഉപവകഭേദം.
ഈ വര്‍ഷം ആദ്യം കണ്ടെത്തിയ ഈ ഉപവകഭേദം വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നെങ്കിലും ഇത് മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്.
ശൈത്യകാലത്ത് കോവിഡ് അണുബാധകളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം മുന്നറിയിപ്പ് നല്കുന്നു.
സ്റ്റോക്ഹോമിലെ 75 രക്തദാതാക്കളില്‍ നിന്നെടുത്ത സെറം സാംപിളുകളിലുള്ള ആന്റിബോഡികള്‍ ബി.എ. 5 വകഭേദത്തോട് കാണിച്ച കാര്യക്ഷമതയുടെ ആറിലൊന്ന് മാത്രമേ ബി.എ.2.75.2 ന് എതിരെ പ്രദര്ശിപ്പിക്കുന്നുള്ളെന്നും ഗവേഷകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലും ഈ വര്‍ഷം ഏപ്രിലിലും പിന്നീട് ഓഗസ്റ്റ് അവസാനം സെപ്റ്റംബര്‍ ആദ്യവുമായി മൂന്ന് ഘട്ടങ്ങളിലാണ് രക്തം ശേഖരിച്ചത്.
ലഭ്യമായ മോണോക്ലോണല്‍ ആന്റിബോഡി ട്രീറ്റ്മെന്റുകളില്‍ ബെബ്ടെലോവിമാബ് മാത്രമാണ് പുതിയ വകഭേദത്തെ നിര്‍വീര്യമാക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഉപവകഭേദത്തിനെതിരെയുള്ള ആന്റിബോഡി പ്രതിരോധം പൂര്‍ണമായും നഷ്ടമായെന്ന് പറയാന്‍ സാധിക്കില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രഫസര്‍ ബെന്‍ മ്യൂറെല്‍ പറയുന്നു.
എന്നാല്‍ മുന പോലുള്ള സ്പൈക് പ്രോട്ടീനിലെ റിസപ്റ്റര്‍ ബൈന്‍ഡിങ് ഡൊമൈനില്‍ വന്നിട്ടുള്ള രണ്ട് വ്യതിയാനങ്ങള്‍ ബി.എ.2.75.2ന് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ആന്റിബോഡികള്ക്കെതിരേ കൂടുതല്‍ പ്രതിരോധം നല്കുന്നു.