തൊടുപുഴ സിജെഎം രാജി വച്ചു; ‘ചേര്‍ത്തു പിടിച്ചവര്‍ക്ക് നന്ദി
തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. സുദീപ് രാജി വച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എസ്. സുദീപ് രാജി വിവരം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ തനിക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി എസ്. സുദീപ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
രാജിയെക്കുറിച്ച് എസ്. സുദീപ് പറയുന്നു: ”ഞാന്‍ രാജിവച്ചു, ഇന്ന്. ഒറ്റവരിക്കത്തും നല്കി. പത്തൊമ്പതു വര്‍ഷം നീണ്ട സേവനത്തിന് അവസരം തന്ന സ്ഥാപനത്തിനു നന്ദി. എന്റെ നടവഴികളില്‍ വെളിച്ചം വിതറിയ വഴിവിളക്കുകളേ, നന്ദി. ബഹുമാന്യയായ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സര്, എന്റെ ജില്ലാ ജഡ്ജിമാരായിരുന്നവരും എനിക്കത്രമേല്‍ പ്രിയരുമായ എത്രയും സ്നേഹബഹുമാനപ്പെട്ട ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ സാര്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സര്, പിന്നെ ജസ്റ്റിസ് കെ ഹേമ മാഡം – നന്ദി. രജിസ്ട്രാര്‍ പി ജി അജിത് കുമാര്‍ സര്, ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ കെ സത്യന് സര്, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും എന്റെ ട്രെയിനറുമായിരുന്ന സി എസ് സുധാ മാഡം – നന്ദി. റിട്ടയര്‍ ചെയ്തവരും സര്‍വീസിലുള്ളവരുമായ ജഡ്ജിമാര്‍, സഹപ്രവര്‍ത്തകര്‍, അങ്ങോളമിങ്ങോളമുള്ള പ്രിയ അഭിഭാഷകര്‍, പ്രിയ സ്റ്റാഫ്, പ്രിയ ഗുമസ്തന്മാര്…ഏവര്‍ക്കും നന്ദി…സ്വന്തം അഭിഭാഷകവൃത്തി വേണ്ടെന്നു വച്ച് പതിനഞ്ചു വര്‍ഷം കേരളം മൊത്തം അലഞ്ഞ ജ്യോതി…ഇത്ര മടുത്തെങ്കില്‍ അച്ഛനു രാജിവച്ചൂടെ എന്നു ചോദിച്ച സുദീപ്ത ജ്യോതി…ഞാന്‍ രാജി തീരുമാനം പറയവേ ഇവിടെ ഈ സൈബര്‍ ഇടത്തിലും പുറത്തും എന്നെ ചേര്‍ത്തു പിടിച്ചവരേ…അത്രമേല്‍ പ്രിയത്താല്‍ എന്നെ വിലക്കിയവരേ…ഞാന്‍ നിങ്ങളെയും ചേര്‍ത്തു പിടിക്കുന്നു. നെഞ്ചോടുചേര്‍ത്ത്…മുന്നോട്ട്…അഭിവാദ്യങ്ങള്‍.”
ശബരിമല യുവതീ പ്രവേശന വിധിയടക്കമുള്ള സംഭവങ്ങളില്‍ വിവാദപരവും അതിലോലവുമായ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കരുതെന്ന ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സുദീപിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോടതി വിധി, നിയമവാഴ്ച എന്നിവയെ താന്‍ പിന്തുണച്ചത് എങ്ങനെയാണ് വിവാദപരവും ലോലവുമാകുകയെന്ന് സുദീപ് ചോദിച്ചിരുന്നു. കര്‍ക്കടകവാവുമായി ബന്ധപ്പെട്ട പോസ്റ്റില്‍ മതവികാരം വ്രണപ്പെടുത്തുന്ന യാതൊന്നുമില്ലെന്നും ആത്മപരിശോധന മാത്രമായ പോസ്റ്റാണതെന്നും സുദീപ് വിശദീകരിച്ചു. ശബരിമല വിധിയെ സംബന്ധിച്ച പോസ്റ്റ് സുപ്രീംകോടതി വിധിയെയും നിയമവാഴ്ച്ചയെയും പിന്തുണക്കുന്ന, ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും വിവാദപരമായ മറ്റൊന്നും അതില്‍ ഇല്ലെന്നും സുദീപ് വ്യക്തമാക്കി. ഫ്ലക്സ് വിഷയത്തില്‍ ഹൈക്കോടതി വിധിയെ താന്‍ വളച്ചൊടിക്കുകയോ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസത്തെ പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.