‘അക്രമ രാഷ്ട്രീയത്തിന്റെ ഇരകള്‍ക്കൊപ്പം നിരുപാധികം ചേര്‍ന്ന് പ്രവര്‍ത്തിക്കും’; ആര്‍എംപിയും സഖാവ് കെകെ രമയും യഥാര്‍ത്ഥ ഇടതു ബദലെന്ന് കെ സുധാകരന്
ആര്‍എംപിയും കെ കെ രമയുമെല്ലാമാണ് യഥാര്‍ത്ഥ ഇടത്പക്ഷ ബദലുകളെന്ന് നിയുക്ത കെ പിസിസി അധ്യക്ഷന്‍ കെ സുധാകരന്. തിരുവനന്തപുരത്ത് വടകര എംഎല്‍എ കെ കെ രമയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു കെ സുധാകരന്റെ പ്രതികരണം. മകന് അഭിനന്ദിന് ഒപ്പമായിരുന്നു കെ രമ നിയുക്ത കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. കെ കെ രമയുമായി സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്തെന്നും കെ സുധാകരന് വ്യക്തമാക്കുന്നു.
യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഐഎം എന്ന് കേരളത്തിന് മുന്നില്‍ തുറന്ന് കാട്ടിയ വനിതയാണ് കെ കെ രമയെന്നും കെ സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. തീഷ്ണമായ അനുഭവ പരിസരങ്ങളില്‍ ആണ് കെ കെ രമയുടെ രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത്്. സിപിഐഎം ഇടക്കിടെ പറയുന്ന ഇടതു ബദല്‍ തന്റെ കാഴ്ചപ്പാടില്‍ ആര്‍എംപിയും സഖാവ് കെ കെ രമയും ഒക്കെയാണെന്നും കെ സുധാകരന് വ്യക്തമാക്കുന്നു.
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ തിരുവനന്തപുരത്ത് വടകര എംഎല്‍എ സഖാവ് കെകെ രമയും മകന് അഭിനന്ദും സന്ദര്‍ശിച്ചു. തിരക്കുകള്‍ക്കൊടുവില്‍ രാത്രി വൈകിയും പല സമകാലിക വിഷയങ്ങളില്‍ ചര്‍ച്ച നീണ്ടു പോയി. രാഷ്ട്രീയത്തെ കുറിച്ച് വളരെയധികം ഉള്‍ക്കാഴ്ച ഉള്ള വ്യക്തിത്വം ആണ് കെകെ രമ. അവരുടെ രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത് തീഷ്ണമായ അനുഭവ പരിസരങ്ങളില്‍ ആണ്. സിപിഎം ഇടക്കിടെ പറയുന്നൊരു ഇടതു ബദല്‍ ഉണ്ട്. എന്റെ കാഴ്ചപ്പാടില്‍ ആര് എംപി യും സഖാവ് കെ കെ രമയും ഒക്കെയാണ് യഥാര്‍ത്ഥത്തില്‍ ആ ഇടതു ബദല്‍.
യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നില്‍ തുറന്ന് കാട്ടിയ വനിതയാണ് രമ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആള്‍ക്കൂട്ടം രമയെ നേരിട്ടത്.
ഞാനൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് കണ്ണൂരൊക്കെ വിയോജിപ്പ് ഉള്ളവരെ ഒന്നുകില്‍ കൊല അല്ലെങ്കില്‍ ഊരുവിലക്കല്‍ ആയിരുന്നു സിപിഎം രീതി. ഇന്നും അതിന്റെ വൈവിധ്യങ്ങല്‍ തന്നെയാണ് അവര്‍ തുടര്‍ന്ന് പോകുന്നത്.. ആ അക്രമങ്ങളെ അനുദിനം പ്രതിരോധിച്ചും, ആവശ്യ സാഹചര്യങ്ങളില്‍ തിരിച്ചടിച്ചുമാണ് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത്.
വരും നാളുകളില്‍ എല്ലാ പാര്‍ട്ടിഗ്രാമങ്ങളും ജനാധിപത്യത്തിലേക്ക് വിമോചിപ്പിക്കുക തന്നെ ചെയ്യും കെകെ രമക്ക് യുഡിഎഫ് നല്‍കിയത് നിരുപാധിക പിന്തുണയാണ്. ഇനിയും സംഘപരിവാറിന്റേയും സിപിഎംന്റെയും അക്രമ രാഷ്ട്രീയത്തിന്റെ ഇരകള്‍ക്കൊപ്പം നിരുപാധികമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തിരുത്തലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് കെകെ രമ ഉറപ്പ് തന്നു.