ഗള്‍ഫ് യാത്രയ്ക്കുള്ള മെഡിക്കല്‍ പരിശോധന നിരക്കില്‍ വന്‍ വര്‍ധന
കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 1,100 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. കഴിഞ്ഞവര്‍ഷം, 4,400 രൂപയായിരുന്നു സൗദി അറേബ്യയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് ഈടാക്കിയിരുന്നത്. ഈ വര്‍ഷം 5,500 ആയി വര്‍ധിപ്പിച്ചു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ നിരക്ക് പ്രകാരം 5,000 രൂപയായി. നേരത്തേ, ഇത് 4,000 രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ 4,250 രൂപയായിരുന്നു സൗദിയിലേക്കുള്ള നിരക്ക്. ഇത് പിന്നീട് 4,400 ആക്കി വര്‍ധിപ്പിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറഞ്ഞ ചെലവില്‍ നടന്നിരുന്ന മെഡിക്കല്‍ പരിശോധനക്കാണ് ഇപ്പോള്‍ വന്‍ തുക ഈടാക്കുന്നത്. ഫീസും ആശുപത്രിയും നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം അന്വേഷിക്കുന്നവര്‍ക്ക് എംബസിയില്‍ നിന്നാണ് തീരുമാനിക്കുന്നതെന്നാണ് ലഭിക്കുന്ന മറുപടി. വിവിധ ഗള്‍ഫ് നാടുകളിലേക്ക് ആദ്യമായി പോകുന്നവര്‍ക്കും പുതിയ വിസയില്‍ വീണ്ടും ജോലിക്ക് പോകുന്നവര്‍ക്കുമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളത്. ഇതിനായി സംസ്ഥാനത്ത് ഗാംകയുടെ (ജി.സി.സി അപ്രൂവ്ഡ് മെഡിക്കല്‍ സെന്േറഴ്സ് അസോസിയേഷന്) ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
കോഴിക്കോട്, എറണാകുളം, മഞ്ചേരി, തിരൂര്‍ തലക്കടത്തൂര്‍ എന്നിവിടങ്ങളിലാണ് ഗാംക ഓഫിസുകളുള്ളത്. ഇവിടെ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഇവിടെനിന്ന് നിര്‍ദേശിക്കുന്ന ആശുപത്രിയിലെത്തിയാണ് പരിശോധന നടത്തേണ്ടത്. നേരത്തേ, അംഗീകാരമുള്ള ഏത് ആശുപത്രിയില്‍ നിന്നും ഗള്‍ഫിലേക്കുള്ള മെഡിക്കല്‍ പരിശോധന നടത്താമായിരുന്നു. ഇപ്പോള്‍ ഗാംകയില് നിന്ന് നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ മാത്രമേ പരിശോധന നടത്താന്‍ സാധിക്കൂ. ചില ആശുപത്രികളില്‍നിന്ന് പരിശോധനക്ക് എത്തുന്നവരില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നതായും പരാതികളുണ്ട്. ഒരു മാനദണ്ഡവുമില്ലാതെയാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു